ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കല മെഡൽ. സെമി ഫൈനലിൽ ലോക ഒന്നാം നമ്പറുകളായ ചൈനയുടെ ലിയു ഷെങ് ഷു – ടാന്‍ നിങ് സഖ്യത്തോട് പൊരുതി തോറ്റാണ് (21-18, 13-21, 8-21) ഇന്ത്യൻ ജോഡി വെങ്കലം ഉറപ്പിച്ചത്. ഒര മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിലായിരുന്നു തോൽവി.
ദില്ലി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളെ സാക്ഷി നിർത്തി ആദ്യ ഗെയിം സ്വന്തമാക്കിയാണ് ഗായത്രിയും മലയാളിയായ ട്രീസയും തുടങ്ങിയത്. ഒരു ഘട്ടത്തിൽ 15-18ന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി ആറ് പോയിന്റുകൾ നേടി 21-18ന് ഇന്ത്യൻ സഖ്യം ആദ്യ ഗെയിം പിടിച്ചെടുത്തു.
എന്നാൽ രണ്ടാം ഗെയിമിൽ 12-12 എന്ന സമനിലയ്ക്ക് ശേഷം മത്സരത്തിന്റെ ഗതി മാറി. പിഴവുകൾ കുറച്ച് കളിച്ച ചൈനീസ് സഖ്യം തുടർച്ചയായി എട്ട് പോയിന്റ് നേടി 21-13ന് രണ്ടാം ഗെയിം സ്വന്തമാക്കി. നിർണായകമായ മൂന്നാം ഗെയിമിൽ പൂർണ്ണ ആധിപത്യം പുലർത്തിയ ലിയു – ടാൻ സഖ്യം 21-8ന് വിജയം ഉറപ്പിക്കുകയായിരുന്നു.
സീഡില്ലാതെ ഇറങ്ങി ടോപ് 10 താരങ്ങളെ വീഴ്ത്തി വെങ്കലം നേടിയ ഗായത്രി-ട്രീസ സഖ്യത്തിന് ഈ പ്രകടനം വരും ടൂർണമെന്റുകളിൽ വലിയ കരുത്താകും.
