ലഹരി ഉപയോഗം അധ്യാപകനോട് പറഞ്ഞു; 16-കാരന് സഹപാഠികളുടെ ക്രൂരമർദ്ദനം, ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്.

തൊടുപുഴ: സഹപാഠികളുടെ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിന് പതിനാറുകാരന് നേരെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികൾ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ട് കുട്ടി അധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകന്റെ നിർദ്ദേശപ്രകാരം ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകുകയും ചെയ്തു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, പകർത്തിയ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്യാനാണ് സ്ഥാപന അധികൃതർ ആവശ്യപ്പെട്ടതെന്ന് കുടുംബം ആരോപിക്കുന്നു.
വിവരമറിഞ്ഞതോടെ പ്രകോപിതരായ സഹപാഠികൾ കുട്ടിയെ ഹോസ്റ്റൽ മുറിയിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ വിദഗ്ദ്ധ ചികിത്സയിലാണ്. സംഭവത്തിൽ ഒരു സഹപാഠിയെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു. മർദ്ദനത്തിൽ പങ്കാളികളായ മറ്റുള്ളവർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.
അർബുദ ബാധിതനായ പിതാവും കുടുംബവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കഴിയുന്നത്. പരിക്കേറ്റ കുട്ടിയുടെ തുടർചികിത്സയ്ക്കുള്ള ചിലവുകൾ കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം.
