രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായി, ‘അന്യൻ’ കയറിതുപോലുള്ള സ്വഭാവം: ഞെട്ടിച്ച് അനുപമയുടെ വെളിപ്പെടുത്തൽ

കൊച്ചി: രണ്ട് വർഷത്തോളം താൻ കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും ഇരയായിരുന്നു എന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നു. മാധ്യമപ്രവർത്തക ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും, താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവെച്ചത്. സാമ്പത്തിക നേട്ടത്തിനോ ഉയർന്ന പദവിക്കോ വേണ്ടിയാണ് പ്രണയബന്ധത്തിൽ തുടർന്നതെന്ന പ്രചാരണങ്ങൾക്ക് അനുപമ ശക്തമായ മറുപടി നൽകി. ബന്ധം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പങ്കാളിയുടെ ഭാഗത്തുനിന്ന് വിവാഹനിശ്ചയത്തിന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും താനാണ് അത് നീട്ടിവച്ചിരുന്നതെന്നും താരം വ്യക്തമാക്കി.
കടുത്ത ഉത്കണ്ഠയും (anxiety) ഭയവും കാരണം മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ശരീരഭാരം വളരെയധികം കുറഞ്ഞുവെന്നും അനുപമ ഓർത്തെടുക്കുന്നു. അനുഭവങ്ങൾ തുറന്നുപറഞ്ഞ സോഷ്യൽ മീഡിയ കുറിപ്പിന് ശേഷം സിനിമാ മേഖലയിലുള്ള 12 ഓളം പ്രമുഖർ തന്നെ വിളിച്ച് സമാന അനുഭവങ്ങൾ പങ്കുവെച്ചതായും നടി വെളിപ്പെടുത്തി. തുറന്നുപറയാൻ മടിക്കുന്നവർക്ക് ധൈര്യം നൽകാനും, ഇത്തരം ടോക്സിക് ബന്ധങ്ങളിൽ പെട്ടുപോയവരെ ബോധവൽക്കരിക്കാനുമാണ് അനുഭവം തുറന്നുപറയുന്നതെന്നും എത്ര എതിർപ്പുകൾ നേരിടേണ്ടി വന്നാലും സത്യത്തിനൊപ്പം നിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു.
അനുപമന്റെ വാക്കുകൾ:
“പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. രണ്ടുതരത്തിലാണ് ആളുകൾ പ്രതികരിച്ചത്. ഞാൻ ഹീൽ ആകുന്നതിൽ സന്തോഷിച്ചവരായിരുന്നു ഒരു വിഭാഗം. എന്നാൽ ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല അത്. രണ്ടു വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവെക്കണം എന്നതായിരുന്നു എന്റെ തീരുമാനം.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിട്ടുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരും അപകർഷതാബോധമുള്ളവരുമാണ്. ഒരു ശൂന്യമായ പാത്രം പോലെയാണവർ. സ്വയം നിലനിൽക്കാൻ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണവും എപ്പോഴും പ്രശംസകളും ആവശ്യമാണ്. അതിനായി കടുത്ത ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, എമ്പാത്ത് ആയ ഒരാളെ അവർ ലക്ഷ്യം വെക്കുന്നു.
തുടക്കത്തിൽ അമിതമായ സ്നേഹം നടിച്ചു വൈകാരികമായി വലയിലാക്കുന്ന ‘ലവ് ബോംബിങ്’ ആണ് നടക്കുക. പിന്നീട് വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഇൻസ്റ്റാഗ്രാമിൽ എന്ത് പോസ്റ്റ് ചെയ്യണം എന്നതിനൊക്കെ അവരുടെ അനുവാദം വാങ്ങേണ്ട അവസ്ഥ വരുന്നു. ബന്ധം സംരക്ഷിക്കാൻ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കാര്യങ്ങൾ ഒളിച്ചുവെക്കേണ്ടി വരുന്നു.
‘അന്യൻ’ സിനിമയിലെ കഥാപാത്രത്തെ പോലെയാണ് ഇവരുടെ സ്വഭാവം. ഒരു ദിവസം അളവറ്റ സ്നേഹം കാണിക്കും, അടുത്ത ദിവസം നമ്മളെ തിരിഞ്ഞുപോലും നോക്കില്ല, തൊട്ടടുത്ത ദിവസം കരഞ്ഞു കാലുപിടിച്ച് മാപ്പ് പറയും. ഈ സർക്കിൾ തുടർന്നുകൊണ്ടേയിരിക്കും. ഒടുവിൽ അതൊരു അടിമത്തവും മാനസികമായ ആശ്രിതത്വവുമായി മാറും.
അപകർഷതാബോധവും ഭയവും കാരണം എന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു. ആളുകളോട് സംസാരിച്ചാൽ പോലും പങ്കാളി ശിക്ഷിക്കുമായിരുന്നു. സ്വന്തം സഹോദരനെപ്പോലും ഭയം കാരണം തൊടാതായി. പലപ്പോഴും ചിത്രീകരണം നിർത്തിവെച്ച് വാനിൽ പോയി കരയേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനാണ് ഞാൻ നിൽക്കുന്നതെന്ന് പറഞ്ഞവരോട് ഒന്നേ പറയാനുള്ളൂ; ആ വിവാഹനിശ്ചയം ഞാൻ നിരന്തരം നീട്ടിവെക്കുകയായിരുന്നു. കാരണം ഇത് സ്നേഹമല്ല, ഒരാളെ പൂർണമായി നിയന്ത്രണത്തിലാക്കാനുള്ള തിടുക്കമാണെന്ന് എനിക്ക് മനസ്സിലായിരുന്നു.
എന്റെ പോസ്റ്റിന് ശേഷം സിനിമാരംഗത്തു നിന്നുള്ള പ്രമുഖരടക്കം 12 പേർ എന്നെ വിളിച്ചു. പുരുഷന്മാരും സ്ത്രീകളും അതിലുണ്ടായിരുന്നു. അവർ സംസാരിച്ചപ്പോൾ എന്റെ കഥ തന്നെയാണ് പറയുന്നത് എന്ന് എനിക്ക് തോന്നി. പലപ്പോഴും ആളുകൾ കരുതുന്നത് മൗനം പക്വതയാണെന്നാണ്, എന്നാൽ അത് ഭയം കൊണ്ടും ആകാം. അതിനാലാണ് 90 ശതമാനം നെഗറ്റിവിറ്റി നേരിടേണ്ടി വന്നാലും ഈ വിഷയത്തിൽ തുറന്നു സംസാരിക്കാൻ ഞാൻ തയ്യാറായത്.”
