വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

രാവിലെ വെറും വയറ്റിൽ ജീരകവും അയമോദകവും പെരുംജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ. വിശ്രമത്തിനു ശേഷം ഉണരുന്ന കുടലിന്റെ ആഗിരണശേഷി രാവിലെ ഏറ്റവും ഉയർന്ന നിലയിലായിരിക്കും. അതിനാൽ, ഈ സമയത്ത് ഇത്തരം പാനീയങ്ങൾ കഴിക്കുന്നത് അവയിലുള്ള പോഷകങ്ങൾ ശരീരം പെട്ടെന്ന് തിരിച്ചെടുക്കാൻ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തും, വയറു വീർക്കൽ കുറയ്ക്കും
ദഹന എൻസൈമുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ കൂട്ടുകെട്ട് ഉത്തമമാണ്. വയറു വീർക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാനും ആമാശയത്തിലെ ആസിഡ് സന്തുലിതാവസ്ഥ നിലനിർത്താനും ഇത് സഹായിക്കും. ജീരകത്തിലെ സുഗന്ധമുള്ള സംയുക്തങ്ങൾ മനംപുരട്ടൽ, ഛർദ്ദി എന്നിവയിൽ നിന്ന് വേഗത്തിൽ ആശ്വാസം നൽകും. വയറുവേദനയുള്ളപ്പോൾ കുറച്ച് വിത്തുകൾ ചവച്ചരച്ച് തിന്നുന്നതും ആശ്വാസകരമാണ്.
ശരീരഭാരവും കൊഴുപ്പും നിയന്ത്രിക്കാം
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഈ പാനീയത്തിലുണ്ടെന്ന് ‘ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് ഹെൽത്ത് സയൻസസ്’ വ്യക്തമാക്കുന്നു. ഭക്ഷണശേഷം പെരുംജീരകം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കലോറി എരിച്ചുകളയാൻ സഹായിക്കുന്ന അയമോദകം മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയാണ്.
പ്രമേഹ നിയന്ത്രണത്തിനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിൽ ജീരകത്തിനുള്ള പങ്കിനെക്കുറിച്ച് ‘ഫൈറ്റോതെറാപ്പി റിസർച്ച് ജേണലിൽ’ വിശദീകരിക്കുന്നുണ്ട്. ജീരകത്തിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ദൈനംദിന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും.
