‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി, തദ്ദേശീയ പ്രതിരോധ കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന് നേട്ടം

കൊച്ചി: കേന്ദ്ര സർക്കാറിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഷിപ്യാർഡിൽ (സി.എസ്.എൽ) നിർമിച്ച തദ്ദേശീയ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (എ.എസ്.ഡബ്ല്യു-എസ്.ഡബ്ല്യു.സി) വിഭാഗത്തിലെ മൂന്നാമത് കപ്പലായ ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനക്ക് കൈമാറി. ഷിപ്യാർഡിൽ നടന്ന ചടങ്ങിൽ പ്രോട്ടോക്കോൾ രേഖകളിൽ സി.എസ്.എൽ ഡയറക്ടർ (ഓപറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്., മംഗ്രോൾ കമാൻഡിങ് ഓഫിസർ കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഒപ്പുവെച്ചു.
സി.എസ്.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോസ് വി.ജെ, കൊച്ചി വാർഷിപ് പ്രൊഡക്ഷൻ സൂപ്രണ്ട് കമോഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡ് കമാൻഡ് റിഫിറ്റ് ഓഫിസർ കമോഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫിസർ ഡോ. സി. പാണ്ടി സെൽവ ദുരൈ, സി.എസ്.എൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിറാസ് വി.പി തുടങ്ങിയവർ പങ്കെടുത്തു.
നാവികസേനക്കായി സി.എസ്.എൽ നിർമിക്കുന്ന എട്ട് എ.എസ്.ഡബ്ല്യു കപ്പലുകളിൽ ഒന്നാണിത്. 80 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ തീരദേശ നഗരമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.
തീരദേശ ആഴം കുറഞ്ഞ കടൽമേഖലകളിലെ ജലാന്തർ പ്രതിരോധത്തിനും നിരീക്ഷണത്തിനുമായാണ് ‘മംഗ്രോൾ’ രൂപകൽപന ചെയ്തിരിക്കുന്നത്. ഡീസൽ എൻജിൻ-വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കപ്പലിൽ ഭാരം കുറഞ്ഞ ടോർപിഡോകൾ, ആന്റി സബ്മറൈൻ റോക്കറ്റുകൾ, ഷാലോ-വാട്ടർ സോണാറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾക്ക് പുറമെ തിരച്ചിൽ, രക്ഷാപ്രവർത്തനം (എസ്.എ.ആർ), മൈൻ-ലേയിങ് തുടങ്ങിയ ദൗത്യങ്ങൾക്കും കപ്പൽ ഉപയോഗിക്കാനാകും.
