ക്രിക്കറ്റ് ആരാധകരുടെ പുതിയ ‘ക്രഷ്’; ആരാണ് മേധാവി ബിദുരി? വൈറലായി താരത്തിന്റെ വിക്കറ്റ് ആഘോഷം

ന്യൂഡൽഹി: വനിതാ ഡൽഹി പ്രീമിയർ ലീഗിലെ വൈറൽ വിക്കറ്റ് ആഘോഷത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഇരുപതുകാരിയായ ലെഗ് സ്പിന്നർ മേധാവി ബിദുരി. ടൂർണമെന്റിലെ ഉദ്ഘാടന പോരാട്ടത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് താരം നിഷിക സിങ്ങിനെ പുറത്താക്കിയ ശേഷമുള്ള മേധാവിയുടെ വ്യത്യസ്തമായ ആഘോഷ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ കവർന്നത്.
തന്റെ ജേഴ്സി നമ്പറായ 67-നെ ആസ്പദമാക്കിയുള്ളതായിരുന്നു താരത്തിന്റെ ഈ പ്രത്യേക ആഘോഷം. തനിക്ക് പ്രിയപ്പെട്ട 12-ാം നമ്പർ ജേഴ്സി ലഭിക്കാത്തതിനെ തുടർന്ന് ഇളയ സഹോദരിയുടെ നിർദേശപ്രകാരമാണ് 67-ാം നമ്പർ ജേഴ്സി തിരഞ്ഞെടുത്തതെന്നും ഈ ട്രെൻഡിങ് സെലിബ്രേഷൻ രീതി പരീക്ഷിച്ചതെന്നും താരം വ്യക്തമാക്കി. മത്സരത്തിൽ നാല് ഓവറിൽ 24 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്താൻ മേധാവിക്ക് സാധിച്ചെങ്കിലും, സെൻട്രൽ ഡൽഹി ക്വീൻസ് 29 റൺസിന് പരാജയപ്പെട്ടിരുന്നു.
ഡൽഹി ആഭ്യന്തര ക്രിക്കറ്റിലെയും അണ്ടർ-19 ടീമിലെയും സജീവ സാന്നിധ്യമായ ഈ വലങ്കയ്യൻ സ്പിന്നർ, മുൻപ് സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനായി കളിച്ചും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഫൈനലിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ടീമിന്റെ ഒരു റൺസ് വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും മേധാവിക്ക് സാധിച്ചിരുന്നു.
