ഫാറ്റി ലിവറിനെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
പ്രായഭേദമന്യേ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നമായി മാറുകയാണ് ‘ഫാറ്റി ലിവർ’ (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ). മെറ്റബോളിക് തകരാറുകൾ മൂലമുണ്ടാകുന്ന ‘സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ്’ (MASLD) മുതിർന്നവരിൽ ഏകദേശം 38.9 ശതമാനം പേരെ ബാധിക്കുന്നുണ്ടെന്നാണ് ‘ലാൻസെറ്റ്’ ജേണൽ പുറത്തുവിട്ട പഠനത്തിൽ വ്യക്തമാക്കുന്നത്.
അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ്, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയാണ് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണം. എന്നാൽ, കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗത്തെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. മെഡിറ്ററേനിയൻ ഭക്ഷണരീതി ശീലമാക്കാം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തി കരളിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ മെഡിറ്ററേനിയൻ ഡയറ്റ് ഏറെ ഫലപ്രദമാണ്. നാരുകൾ (fiber), പോളിഫിനോൾ എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ, ഒലിവ് ഓയിൽ, നട്സ്, മത്സ്യം എന്നിവ ദിനചര്യയുടെ ഭാഗമാക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
2. കാപ്പി കുടിക്കാം, പക്ഷെ മധുരം വേണ്ട ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് ഫാറ്റി ലിവർ സാധ്യത 35 ശതമാനം വരെ കുറയ്ക്കുമെന്ന് ‘ന്യൂട്രിയന്റ്സ് ജേണൽ’ വ്യക്തമാക്കുന്നു. എന്നാൽ കാപ്പിയിൽ പഞ്ചസാരയോ ക്രീമോ ചേർക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
3. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ഫാറ്റി ലിവറിനെ ചെറുക്കാൻ പതിവ് ശാരീരിക അധ്വാനം അത്യാവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും നടക്കുക, സൈക്ലിംഗ്, നീന്തൽ അല്ലെങ്കിൽ സ്ട്രെങ്ത് ട്രെയിനിംഗ് പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് ‘ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രിഷൻ’ ചൂണ്ടിക്കാട്ടുന്നു.
4. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവും ഒഴിവാക്കുക ശീതളപാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയും ട്രാൻസ് ഫാറ്റും സോഡിയവും കരൾ കോശങ്ങൾക്ക് വലിയ നാശമുണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നത് കരളിനെ സംരക്ഷിക്കും.
5. ശരീരഭാരം നിയന്ത്രിക്കുക ശരീരഭാരം കുറയ്ക്കുന്നതും ഫാറ്റി ലിവർ നിയന്ത്രിക്കുന്നതും തമ്മിൽ അടുത്ത ബന്ധമുണ്ട്. നിലവിലുള്ള ശരീരഭാരത്തിൽ നിന്ന് 5 മുതൽ 10 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചാൽ തന്നെ കരളിലെ കൊഴുപ്പിന്റെ അളവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
തുടക്കത്തിൽ തന്നെ വിദഗ്ധരായ ഡോക്ടർമാരുടെയും ഡയറ്റീഷ്യൻമാരുടെയും ഉപദേശം തേടുന്നത് കരളിനുണ്ടാകുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
