പ്രകാശ് വര്‍മയുടെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയറ്ററുകളിൽ

കൊച്ചി: പ്രകാശ് വർമയുടെ സംവിധാനത്തിൽ രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ നാലിന് തീയറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
2004-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, റിനോഷ് ജോർജ്ജ്, ഭീമൻ രഘു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ജോണി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും ബിജിബാൽ പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്ന ഗാനങ്ങൾ കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
മനോജ് കണ്ണോത്താണ് എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരവും സാബുറാം പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി സ്റ്റണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സാഹസിക രംഗങ്ങൾ ഒരുക്കുന്നത്. വാഴൂർ ജോസാണ് പി.ആർ.ഒ.
