പൊതുസ്ഥലങ്ങളിൽ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച സൗദി പൗരൻ അറസ്റ്റിൽ

റിയാദ്: വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിച്ച സൗദി പൗരനെ കിഴക്കൻ പ്രവിശ്യയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളെ ഭിക്ഷാടനത്തിന് നിരത്തി സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിടിയിലായ പ്രതിക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. ചൂഷണത്തിനിരയായ കുട്ടികൾക്ക് ആവശ്യമായ സുരക്ഷിതത്വവും മാനുഷിക സഹായങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിംഗ് വിഭാഗവുമായി സഹകരിച്ചാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്. മേഖലയിൽ ഭിക്ഷാടനം നിർമാർജനം ചെയ്യുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്.
