തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; മൂന്ന് വയസ്സുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി: മൂന്ന് വയസ്സുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്ന് വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 12-ന് കുടുംബത്തോടൊപ്പം നാഗർകോവിലിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു കുട്ടി. യാത്രയ്ക്കിടെ റോഡരികിലെ കടയിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി വിവരമുണ്ട്. പിറ്റേദിവസം രാവിലെ മുതൽ കുട്ടിക്ക് കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കുടലിനെ നേരിട്ട് ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. സാധാരണയായി ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. വയറിളക്കം, കടുത്ത പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ലക്ഷണങ്ങൾ കാര്യമായി പ്രകടമാകണമെന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
