‘ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം’; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

കോഴിക്കോട് / മൂവാറ്റുപുഴ: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. നിലവിൽ കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വലിയ വിവേചനമാണ് നേരിടുന്നതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനസംഖ്യ കുറഞ്ഞ പത്തനംതിട്ടയ്ക്കും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ തരത്തിലുള്ള സൗകര്യങ്ങളും വിഹിതവുമാണ് ലഭിക്കുന്നത്. ഈ വിവേചനം അവസാനിപ്പിക്കാൻ മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കണം. നിലവിലെ ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കി മാറ്റേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഉടൻ തന്നെ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അടുത്തിടെ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അതിർത്തി പുനർനിർണയിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനവും വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകര, എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ, മലപ്പുറം വിഭജിച്ച് തിരൂർ എന്നീ പുതിയ ജില്ലകൾക്കായുള്ള ആവശ്യങ്ങൾക്കും ചർച്ചകൾക്കും വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.
