കളക്ഷനില്‍ വൻ കുതിപ്പുമായി ബെത്ലഹേം കുടുംബ യൂണിറ്റ്, ഇതുവരെ നേടിയതിന്റെ കണക്കുകള്‍

കൊച്ചി: നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ചെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയം കൊയ്യുന്നു. ഓഗസ്റ്റ് 21-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 61.05 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്ലിയായി മമിത ബൈജുവും എത്തുമ്പോൾ, തികച്ചും തമാശ രൂപേണയുള്ള കുടുംബചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. നിവിൻ പോളിയും ഭാവന സ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അജ്മൽ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന.
