ചിക്കനാണോ മുട്ടയാണോ കൂടുതൽ പ്രോട്ടീൻ നൽകുന്നത്? പ്രധാനമായും അറിയേണ്ടത്

ശരീരത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന സംശയങ്ങളിലൊന്നാണ് ഭക്ഷണക്രമത്തിൽ ചിക്കൻ ഉൾപ്പെടുത്തണമോ അതോ മുട്ട കഴിക്കണമോ എന്നത്. രണ്ടും പോഷകഗുണങ്ങളാൽ സമ്പന്നമാണെങ്കിലും അവ നൽകുന്ന കലോറിയുടെയും പ്രോട്ടീന്റെയും അളവിൽ കാതലായ വ്യത്യാസങ്ങളുണ്ട്.
ചിക്കന്റെ ഗുണങ്ങൾ
- കൂടിയ പ്രോട്ടീൻ, കുറഞ്ഞ കൊഴുപ്പ്: കലോറിയുടെ കാര്യത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിലും പ്രോട്ടീന്റെ അളവിൽ ചിക്കൻ ബ്രെസ്റ്റ് മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം മുൻപന്തിയിലാണ്. കൂടാതെ ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവുമാണ്.
- കലോറി നിയന്ത്രണം: കലോറി കൂട്ടാതെ പ്രോട്ടീൻ അളവ് ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് ചിക്കൻ ബ്രെസ്റ്റ് തന്നെയാണ്.
- അവശ്യ പോഷകങ്ങൾ: വിറ്റാമിൻ B3, വിറ്റാമിൻ B6, ഫോസ്ഫറസ്, സെലിനിയം എന്നിവ ചിക്കനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ ഊർജ്ജ ഉത്പാദനത്തിനും രോഗപ്രതിരോധ ശേഷിക്കും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- വിശപ്പ് നിയന്ത്രിക്കുന്നു: ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ചിക്കൻ കഴിക്കുന്നത് വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നാനും അനാവശ്യ വിശപ്പ് കുറയ്ക്കാനും സഹായിക്കും.
മുട്ടയുടെ ഗുണങ്ങൾ
- പോഷക സമൃദ്ധം: പ്രോട്ടീന്റെ അളവിൽ ചിക്കനേക്കാൾ പിന്നിലാണെങ്കിലും അവഗണിക്കാൻ കഴിയാത്ത നിരവധി അവശ്യ പോഷകങ്ങൾ മുട്ടയിലുണ്ട്.
- വിറ്റാമിനുകളുടെ ഉറവിടം: വിറ്റാമിൻ A, D, E, B12 എന്നിവയാൽ സമ്പന്നമാണ് മുട്ടയുടെ മഞ്ഞ. അതിനാൽ മഞ്ഞക്കരു പൂർണ്ണമായി ഒഴിവാക്കാതെ കഴിക്കുന്നതാണ് കൂടുതൽ ഉചിതം.
- തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന്: തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ (Choline) എന്ന പോഷകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഏതാണ് കൂടുതൽ മികച്ചത്?
കൊളസ്ട്രോളിന്റെ അളവ് മാത്രം ഭയന്ന് മുട്ടയെ ഭക്ഷണക്രമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം, ചിക്കനും മുട്ടയും ആവശ്യാനുസരണം ഉൾപ്പെടുത്തിയുള്ള സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.
