ദാഹിക്കുമ്പോള് മാത്രം വെള്ളം കുടിക്കുന്നവരാണോ? അപ്പോൾ ഇത്, നിങ്ങൾക്കുള്ളതാണ്!

ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലക്കാരനാണോ നിങ്ങൾ? എങ്കിൽ ആ ശീലം എത്രയും വേഗം തിരുത്തേണ്ട സമയമായെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ദാഹം അനുഭവപ്പെട്ടു തുടങ്ങുമ്പോഴേക്കും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മനുഷ്യ ശരീരത്തിന്റെ 60 ശതമാനത്തോളം ഭാഗവും വെള്ളമാണ്. ശരീര താപനില ക്രമീകരിക്കുക, കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക, ദഹനം സുഗമമാക്കുക, സന്ധികളുടെ സുഗമമായ പ്രവർത്തനം, വൃക്ക വഴി മാലിന്യങ്ങൾ പുറന്തള്ളുക തുടങ്ങി നിർണായകമായ എല്ലാ ജീവൽപ്രവർത്തനങ്ങൾക്കും ആവശ്യത്തിന് ജലാംശം അത്യാവശ്യമാണ്.
ദാഹം തോന്നുമ്പോഴേക്കും നിർജലീകരണം തുടങ്ങിക്കഴിഞ്ഞു!
ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുമ്പോൾ മസ്തിഷ്കത്തിലെ ഹൈപ്പോതാലാമസ് നൽകുന്ന സിഗ്നലാണ് ദാഹമായി അനുഭവപ്പെടുന്നത്. എന്നാൽ ഈ സൂചന ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം (Dehydration) സംഭവിച്ചു കഴിഞ്ഞിരിക്കും. അതിനാൽ ദാഹത്തിനായി കാത്തിരിക്കാതെ ഇടവേളകളിൽ കൃത്യമായി വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരം.
വായ വരളൽ, കടുത്ത ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, മൂത്രത്തിന്റെ നിറം കടും മഞ്ഞയാവുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയെല്ലാം ശരീരത്തിൽ വെള്ളം കുറയുന്നു എന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്. ഇവ ഒരിക്കലും നിസ്സാരമായി കാണരുത്.
‘എട്ട് ഗ്ലാസ് വെള്ളം’ എല്ലാവർക്കും ഒരുപോലെയല്ല
“ദിവസവും എട്ട് ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം” എന്ന പൊതുധാരണ എല്ലാവർക്കും ഒരുപോലെ ശാസ്ത്രീയമായി ബാധകമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പ്രായം, ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനം, ഗർഭധാരണം, മുലയൂട്ടൽ തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.
വേനൽക്കാലത്തും കഠിനമായ വ്യായാമം ചെയ്യുന്ന സമയത്തും വിയർപ്പിലൂടെ കൂടുതൽ ജലാംശം നഷ്ടപ്പെടുന്നതിനാൽ കൂടുതൽ വെള്ളം ശരീരത്തിലെത്തേണ്ടതുണ്ട്. ദീർഘനേരം കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളും ആവശ്യമായി വന്നേക്കാം.
അമിത വെള്ളം കുടിയും അപകടം!
വെള്ളം എത്ര കുടിച്ചാലും നല്ലതാണെന്ന ധാരണയും തെറ്റാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അമിത അളവിൽ വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറയ്ക്കുന്ന ‘ഹൈപ്പോനാട്രീമിയ’ (Hyponatremia) എന്ന ഗുരുതര അവസ്ഥയിലേക്ക് നയിച്ചേക്കാം.
ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ദാഹത്തിനായി കാത്തിരിക്കാതെ, നിങ്ങളുടെ ജീവിതശൈലിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ക്രമമായി വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുക.
