കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുകയായിരുന്ന ലോറിക്കാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
എതിരെ വന്ന വാഹനത്തിലുള്ളവരാണ് ടിപ്പറിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ മൂവരും വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വിവരമറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൂടൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും.
