ഹിറ്റ് ചാർട്ടിൽ ഇടം നേടാൻ ജേക്സ് ബിജോയ്; ചർച്ചയായി പൃഥ്വിരാജ്- വൈശാഖ് ചിത്രം ‘ഖലീഫ’യിലെ ഗാനങ്ങൾ

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യിലെ ഗാനങ്ങൾ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആകെ ഏഴ് പാട്ടുകളാണ് ആൽബത്തിലുള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
‘പോക്കിരിരാജ’യ്ക്ക് ശേഷം പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
മാളവിക ശർമ്മ നായികയാവുന്ന ചിത്രം താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ്. ജിനു വി. എബ്രഹാമിന്റെ തിരക്കഥയിൽ ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്, ആക്ഷൻ: ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ.
