ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച ‘പരിക്ക്’; ബുംറ എപ്പോൾ തിരിച്ചെത്തും?

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തുടർച്ചയായി പരിക്കിന്റെ പിടിയിലാവുന്നതിലും ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിനെതിരെ (സി.ഇ.ഒ) ഉയർന്ന വിമർശനങ്ങളിലും വിശദീകരണവുമായി ഡയറക്ടർ വി.വി.എസ്. ലക്ഷ്മൺ. സി.ഇ.ഒ കേവലമൊരു പുനരധിവാസ കേന്ദ്രം (റീഹാബിലിറ്റേഷൻ സെന്റർ) മാത്രമല്ലെന്നും താരങ്ങളുടെ പ്രകടനവും ഫിറ്റ്നസും വർധിപ്പിക്കുന്നതിനൊപ്പം സ്പോർട്സ് സയൻസിനും നിരീക്ഷണത്തിനും ഇവിടെ മുൻഗണന നൽകുന്നുണ്ടെന്നും ലക്ഷ്മൺ വ്യക്തമാക്കി. പരിക്കുകൾ കായികരംഗത്തിന്റെ ഭാഗമാണെന്നും വ്യക്തികളെ കുറ്റപ്പെടുത്തി ബലിയാടുകളെ കണ്ടെത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കക്കെതിരായ നിർണായക ടെസ്റ്റ് പരമ്പര ഈ മാസം 15ന് ആരംഭിക്കാനിരിക്കെ പ്രമുഖ താരം ജസ്പ്രീത് ബുംറ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ നിലവിൽ ബംഗളൂരു സി.ഇ.ഒയിൽ ചികിത്സയിലും പുനരധിവാസത്തിലുമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമായിരിക്കെ ബുംറയുടെ തിരിച്ചുവരവ് ഇന്ത്യക്ക് നിർണായകമാണ്.
അതേസമയം, നാലു മാസത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ പേസർ ഹർഷിത് റാണക്ക് രണ്ടാഴ്ചക്കകം വീണ്ടും ഹാംസ്ട്രിങ് പരിക്കേറ്റത് ബി.സി.സി.ഐക്ക് തലവേദനയായിട്ടുണ്ട്. താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിൽ സെലക്ഷൻ കമ്മിറ്റിയും സി.ഇ.ഒയും തമ്മിലുള്ള ആശയവിനിമയത്തിലെ വീഴ്ചകൾ മുൻപും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം ബുംറ, സായ് സുദർശൻ എന്നിവർക്ക് പരമ്പര നഷ്ടമാകുമെന്ന വിവരങ്ങൾ പുറത്തുവന്നതാണ് നിലവിലെ അമർഷത്തിന് കാരണം.
പ്രശ്നം ഗുരുതരമായതോടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ സൈകിയയും വി.വി.എസ്. ലക്ഷ്മണും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക കൂടിക്കാഴ്ച നടത്തും. ബുംറക്ക് പുറമെ സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ലോവർ ബാക്ക് സ്ട്രെസ് ഫ്രാക്ചർ ബാധിച്ച ആകാശ് ദീപ് എന്നിവരും ചികിത്സയിലാണ്. ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ് തുടങ്ങിയ പരിമിത ഓവർ താരങ്ങളുടെ പുനരധിവാസവും ഇവിടെയാണ് നടക്കുന്നത്.
2025ന്റെ തുടക്കത്തിൽ സ്പോർട്സ് സയൻസ് മേധാവി നിതിൻ പട്ടേൽ രാജിവെച്ച ശേഷം പകരം സ്ഥിരം സംവിധാനം ഏർപ്പെടുത്താത്തതും സി.ഇ.ഒയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. നിലവിൽ ധനഞ്ജയ് കൗശിക്കിനാണ് സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ താത്കാലിക ചുമതല.
