ഇഞ്ചി ഫ്രിജിൽ വയ്ക്കണോ ഫ്രീസറിൽ വയ്ക്കണോ? ഇനി ഒരു കഷണം പോലും കേടാവില്ല!

മലയാളികളുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകളിലൊന്നാണ് ഇഞ്ചി. ചായ മുതൽ കറികളിലും ചമ്മന്തികളിലും വരെ ഇതിന്റെ സാന്നിധ്യമുണ്ടാകും. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെങ്കിലും, വാങ്ങി ദിവസങ്ങൾക്കകം തന്നെ ഇഞ്ചി ചുക്കിച്ചുളിയാനും പൂപ്പൽ വന്ന് നശിക്കാനും സാധ്യതയേറെയാണ്. ഇഞ്ചി കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ദിവസങ്ങൾക്കകം ഉണങ്ങി നാരുകളായി മാറുന്നതിന് പിന്നിൽ ലളിതമായ ഒരു ശാസ്ത്രമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ട് ഇഞ്ചി പെട്ടെന്ന് കേടാകുന്നു?
ഇഞ്ചി എന്നത് എൻസൈമുകൾ അടങ്ങിയ ഒരു റൈസോം (Rhizome) ആണ്. മണ്ണിൽ നിന്ന് പറിച്ചെടുത്ത ശേഷവും ഇത് ശ്വസിക്കുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യും. വിളവെടുത്ത ശേഷവും ഇതിലെ അന്നജവും പെക്റ്റിനും വിഘടിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇഞ്ചി പെട്ടെന്ന് മൃദുവാകുന്നതും ചുളിവുകൾ വീണ് ചീഞ്ഞുപോകുന്നതും. ഐയവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം, ഇഞ്ചിയിലുള്ള എൻസൈമുകൾ അതിന്റെ ആന്തരിക ഘടനയെ നിരന്തരം വിഘടിപ്പിക്കുന്നതിനാൽ ദിവസങ്ങൾ കഴിയുമ്പോൾ ഇതിന്റെ ഗുണമേന്മ കുറയും. അതുകൊണ്ട് തന്നെ, ആവശ്യമുള്ളത്ര മാത്രം വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
എങ്കിലും ചില ചെറിയ അടുക്കളശീലങ്ങൾ പാലിച്ചാൽ ആഴ്ചകളോളമോ മാസങ്ങളോളമോ ഇഞ്ചി കേടുകൂടാതെ സൂക്ഷിക്കാം. അതിനുള്ള വഴികൾ താഴെ പറയുന്നവയാണ്:
1. രണ്ടോ മൂന്നോ ആഴ്ചത്തേക്ക്: ഫ്രിജിൽ സൂക്ഷിക്കാം
കുറഞ്ഞ ദിവസങ്ങളിലേക്ക് ഉപയോഗിക്കാനുള്ള ഇഞ്ചി ഫ്രിജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. മിനസോട്ട യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇഞ്ചി ഒരു പേപ്പർ ടവലിലോ പ്ലാസ്റ്റിക് റാപ്പറിലോ പൊതിഞ്ഞ്, അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ കേടുകൂടാതെയിരിക്കും. പേപ്പർ ടവൽ അധികമുള്ള ഈർപ്പം വലിച്ചെടുത്ത് പൂപ്പൽ വരുന്നത് തടയുമ്പോൾ, പ്ലാസ്റ്റിക് കവർ ഇഞ്ചി ഉണങ്ങിപ്പോകാതെ സംരക്ഷിക്കുന്നു. തൊലി കളഞ്ഞ ഇഞ്ചിയും ഇതേ രീതിയിൽ സൂക്ഷിക്കാമെങ്കിലും ഇത് വേഗത്തിൽ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്.
2. മാസങ്ങളോളം കേടാകാതിരിക്കാൻ: ഫ്രീസർ ആണ് ഉത്തമം
ആഴ്ചകൾ കഴിഞ്ഞും ഇഞ്ചി കേടാകാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല പോംവഴി. തൊലി കളയാത്ത ഇഞ്ചി എയർ ടൈറ്റ് ബാഗിലോ പാത്രത്തിലോ അടച്ച് ഫ്രീസറിൽ വച്ചാൽ മൂന്ന് മുതൽ നാല് മാസം വരെ കേടുകൂടാതെയിരിക്കും. പൂജ്യം ഡിഗ്രി ഫാരൻഹീറ്റിൽ സ്ഥിരമായി ഫ്രീസറിൽ സൂക്ഷിക്കുന്ന ഇഞ്ചി എത്രകാലം കഴിഞ്ഞാലും ഉപയോഗിക്കാം. എങ്കിലും വളരെ നാളുകൾ കഴിഞ്ഞാൽ ഇതിന്റെ സ്വാദിലും ഘടനയിലും നേരിയ വ്യത്യാസം വന്നേക്കാം.
- എളുപ്പവഴി: ഇഞ്ചി ചെറുതായി അരിഞ്ഞോ ചിരവിയോ ചെറിയ ഐസ് ക്യൂബ് ട്രേകളിൽ വച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ ഫ്രീസറിൽ നിന്നെടുത്ത് ഐസ് കളയാതെ തന്നെ നേരിട്ട് കറികളിൽ ചിരവി ചേർക്കാൻ സാധിക്കും.
3. ഫ്രിജിൽ വച്ചില്ലെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വളരെ കുറച്ചു ദിവസങ്ങൾ ഉപയോഗിക്കാനുള്ള ഇഞ്ചി ഫ്രിജിൽ വയ്ക്കേണ്ടതില്ല. ഇത് സാധാരണ താപനിലയിൽ പുറത്ത് വായുസഞ്ചാരമുള്ളിടത്ത് സൂക്ഷിക്കാം. എന്നാൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവയ്ക്കരുത്. നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഇത് മാറ്റിവെക്കണം. ചൂടും വെളിച്ചവും ഇഞ്ചിയുടെ സ്വാഭാവിക സുഗന്ധവും എണ്ണമയവും നഷ്ടപ്പെടുത്തുകയും വേഗത്തിൽ ഉണക്കി കളയുകയും ചെയ്യും.
ഇഞ്ചി കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം?
- ഘടന: നല്ല ഫ്രഷ് ഇഞ്ചി തൊടുമ്പോൾ കട്ടിയുള്ളതായിരിക്കും. അമർത്തുമ്പോൾ കുഴിഞ്ഞുപോവുകയോ മൃദുവാകുകയോ ചെയ്താൽ അത് കേടായിത്തുടങ്ങി എന്ന് മനസ്സിലാക്കാം.
- ചുളിവുകൾ: ഇഞ്ചിയുടെ തൊലി ചുക്കിച്ചുളിയുന്നത് അത് ഉണങ്ങിപ്പോയതിന്റെ ലക്ഷണമാണ്.
- പൂപ്പൽ: ഇഞ്ചിയിൽ പൂപ്പൽ കാണുകയോ, കറുത്ത പാടുകൾ വരികയോ, ദുർഗന്ധം വമിക്കുകയോ ചെയ്താൽ അത് കളയണം.
- ഉൾഭാഗം: സംശയം തോന്നുന്ന ഇഞ്ചി മുറിച്ചു നോക്കുക. ഉള്ളിൽ കടും മഞ്ഞയോ, ചാരനിറമോ, തവിട്ടുനിറമോ ആയി മാറിയിട്ടുണ്ടെങ്കിൽ പുറംഭാഗം നല്ലതാണെന്ന് തോന്നിയാലും അത് ഉപയോഗിക്കരുത്.
