സ്കൈറൂട്ടിന്റെ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി ; 56 കാരനായ യുവാവെന്ന് രാഹുല്‍ഗാന്ധിക്ക് പരിഹാസം

ന്യൂഡല്‍ഹി: സ്കൈറൂട്ടിലൂടെ ഇന്ത്യ വന്‍ ഉയരങ്ങള്‍ കീഴടക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി നടന്ന അഭിസംബോധനയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പരോക്ഷമായി രാഹുല്‍ഗാന്ധിയെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. അമനകം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെത്തുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
നമ്മള് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ദേശീയവും അന്തര്‍ദേശീയവും, ഇപ്പോഴിതാ ബഹിരാകാശത്തുപോലും ഇത്തരം നേട്ടങ്ങളുടെ ഒരു തുടര്‍ച്ചയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇത് രാജ്യത്തിന് അഭിമാനം നല്‍കുന്നതാണെന്നും പറഞ്ഞു. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് (പശ്ചിമേഷ്യന്‍) യുദ്ധം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍ പട്ടികപ്പെടുത്തിക്കൊണ്ട് രാജസ്ഥാന് ഓയില്‍ റിഫൈനറി, സെമി-കണ്ടക്ടര്‍ പ്ലാന്റുകള്‍, ഹൈഡ്രജന്‍ ട്രെയിനുകള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട്, നമ്മള് ഒരുമിച്ച് സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും രാജ്യത്തെ ഒന്നിച്ച് മുന്നോട്ട് നയിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഫലപ്രദമാകുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഭ്രമണപഥത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ ‘വിക്രം-1′ ലൂടെ ചരിത്രം കുറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയറോസ്പേസിലെ ജീവനക്കാരുടെ ശരാശരി പ്രായം 28 വയസ്സാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. യുവനേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട്, താന്‍ ഏതെങ്കിലും ’56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല’ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
