അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഖിച്ച്ഡി കൊണ്ടുപോകാനായില്ല; കാരണം വ്യക്തമാക്കി ശുഭാൻഷു ശുക്ല

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്) യാത്രയിൽ ജനപ്രിയ ഇന്ത്യൻ വിഭവമായ ഖിച്ച്ഡി ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല. സമയപരിമിതി മൂലമാണ് ഖിച്ച്ഡിക്ക് നാസയുടെ അന്തിമ അനുമതി ലഭിക്കാതിരുന്നതെന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.
ഡിഫൻസ് ഫുഡ് റിസർച്ച് ലാബോറട്ടറിയാണ് (DFRL) ബഹിരാകാശ സഞ്ചാരികൾക്കായി ഭക്ഷണം തയ്യാറാക്കിയത്. നിരവധി ഇന്ത്യൻ വിഭവങ്ങൾ ഇതിനായി പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും കടുത്ത മാനദണ്ഡങ്ങൾക്ക് ശേഷം മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് നാസ അനുമതി നൽകിയത്. ഗാജർ കാ ഹൽവ, മൂംഗ് ദാൽ കാ ഹൽവ, ആം രസ് എന്നിവയായിരുന്നു ഈ മധുരപലഹാരങ്ങൾ.
മറ്റ് വിഭവങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമായിരുന്നു. എന്നാൽ വിക്ഷേപണത്തിന് മുൻപ് ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർബന്ധിത പരിശോധനകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് ഈ മൂന്ന് വിഭവങ്ങൾക്ക് മാത്രമാണെന്ന് ശുഭാൻഷു ശുക്ല പറഞ്ഞു.
തണുപ്പിച്ചു സൂക്ഷിക്കാതെ തന്നെ മാസങ്ങളോളം കേടുകൂടാതെയും പോഷകസമൃദ്ധമായും ഇരിക്കുക, റോക്കറ്റ് വിക്ഷേപണ സമയത്തെ കടുത്ത പ്രകമ്പനങ്ങളെ അതിജീവിക്കുക, സീറോ ഗ്രാവിറ്റിയിൽ വായുവിൽ ഒഴുകിനടന്ന് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാക്കുന്ന പൊടികളോ ഈർപ്പമോ ഉണ്ടാക്കാതിരിക്കുക തുടങ്ങി കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ബഹിരാകാശ ഭക്ഷണത്തിന് നാസ നിഷ്കർഷിക്കുന്നത്.
അതേസമയം, അനുമതി ലഭിച്ച വിഭവങ്ങൾ തനിക്ക് കഴിക്കാൻ സാധിച്ചില്ലെന്നും, ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരായ അന്താരാഷ്ട്ര ബഹിരാകാശ സഞ്ചാരികൾക്ക് കഴിക്കാൻ നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിഭവങ്ങൾ അവർക്ക് ഏറെ ഇഷ്ടപ്പെട്ടതായും, ഭക്ഷണം പങ്കുവെച്ച് കഴിച്ചത് മനോഹരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
