ആരായിരിക്കും ലോക ഫുട്ബോളില്‍ മെസിയുടെ പിന്‍ഗാമി? ലോകം വാഴുമോ ലമീന്‍ യമാല്‍

ന്യൂയോർക്ക്: ലിയോണൽ മെസി കരിയറിന്റെ അസ്തമയത്തിലേക്ക് നീങ്ങുമ്പോൾ, ഫുട്ബോൾ ലോകം അദ്ദേഹത്തിന്റെ യഥാർത്ഥ പിൻഗാമിയായി കാണുന്നത് സ്പാനിഷ് കൗമാര താരം ലമീൻ യമാലിനെയാണ്. ഒരുകാലത്ത് മെസി ധരിച്ചിരുന്ന അതേ 19-ാം നമ്പർ കുപ്പായത്തിൽ യമാൽ കളം വാഴുമ്പോൾ, ഇരുവരുടെയും പഴയൊരു അപൂർവ്വ ചിത്രമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
2007-ൽ യുണിസെഫിന്റെ ചാരിറ്റി കലണ്ടറിനായി എടുത്ത ചിത്രത്തിൽ, പ്ലാസ്റ്റിക് ടബ്ബിലെ സോപ്പുപതയിൽ കിടക്കുന്ന കുഞ്ഞ് യമാലിനെ അന്ന് 20 വയസ്സുകാരനായ മെസി കയ്യിലെടുത്തു നിൽക്കുന്നത് കാണാം. അന്ന് ബാഴ്സലോണ ലോക്കർ റൂമിൽ വെച്ച നടന്ന ആ മാന്ത്രിക കൂടിക്കാഴ്ച ഒരു വിധിനിയോഗമായിരുന്നു. 2021-ൽ മെസി ബാഴ്സ വിട്ടതിന് പിന്നാലെ യമാൽ അതേ മൈതാനത്തേക്ക് പന്തുമായി ഇറങ്ങി.
“രണ്ട് ഇതിഹാസങ്ങളുടെ തുടക്കം” എന്ന പേരിൽ യമാലിന്റെ പിതാവ് പങ്കുവെച്ച ഈ ചിത്രം സ്പെയിൻ യൂറോ കപ്പ് നേടിയതോടെയാണ് വീണ്ടും വൈറലായത്. മെസിയുമായുള്ള താരതമ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, “അദ്ദേഹത്തിന്റെ ഫുട്ബോൾ മികവിൽ ഒരംശമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ…” എന്നായിരുന്നു യമാലിന്റെ വിനയപൂർവ്വമായ പ്രതികരണം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ വിധിനിയോഗമായി ഈ ചിത്രം മാറിക്കഴിഞ്ഞു.
