2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റിയാദിൽ നഴ്സായ മലയാളി യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 09:26 AM
പങ്കുവെക്കുക:
റിയാദിൽ നഴ്സായ മലയാളി യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
റിയാദിൽ നഴ്സായ മലയാളി യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതികേരളപ്രഭാതം

വാർഷികാവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് മലയാളി നഴ്സ് ഫിലോമിനയെ കാണാതായി. ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതായി അവസാന ശബ്ദസന്ദേശം അയച്ച ഇവർക്കായി കുടുംബം ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിരിക്കുകയാണ്.

റിയാദ്: റിയാദിൽ നഴ്‌സായി ജോലി ചെയ്തുവരുന്ന മലയാളി യുവതിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി. വിമാനത്താവളത്തിൽ വെച്ച് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചുവെന്ന അവസാന ശബ്ദസന്ദേശത്തിന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. സംഭവത്തിൽ കുടുംബം ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിരിക്കുകയാണ്.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ് ഫിലോമിന.

വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പ്ലാൻ. ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശം.

എന്നാൽ, ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങൾ ആശങ്കയോടെ വ്യക്തമാക്കുന്നു. റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്.

ഫിലോമിനയുടെ തിരോധാനത്തിൽ കുടുംബം കടുത്ത ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചാൽ ഫിലോമിനയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. സംഭവവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശ്രദ്ധയിൽ വിഷയം എത്തിച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങൾ ഉൾപ്പെടെ തിരോധാനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകൾ പരിശോധിക്കാനുള്ള തീവ്രശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)