യുഎഇയിൽ കൂടുതൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; അസ്ഥിര കാലാവസ്ഥ വാരാന്ത്യം വരെ തുടരുമെന്ന് മുന്നറിയിപ്പ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യുഎഇയിൽ വാരാന്ത്യം വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നും ബുധനാഴ്ച മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദ സ്വാധീനം മൂലം കിഴക്കൻ-തെക്കൻ പ്രദേശങ്ങളിൽ മഴ ശക്തമാകുമെന്നും താപനില ഉൾപ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ദുബായ്: യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ചയും മഴ തുടരുമെന്നും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വ്യക്തമാക്കി. ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. സാധാരണയായി മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, ഉൾപ്രദേശങ്ങളിലും പർവ്വത പ്രദേശങ്ങളിലും 50 കിലോമീറ്റർ വേഗത്തിൽ വരെ ശക്തി പ്രാപിച്ചേക്കാം. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്താനും റോഡുകളിൽ ദൃശ്യപരത കുറയാനും ഇടയാക്കും. ഉൾപ്രദേശങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിൽ 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, മലനിരകളിൽ 28 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനാൽ തീരദേശങ്ങളിലും ഉൾനാടുകളിലും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.




