2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 07:25 AM
പങ്കുവെക്കുക:
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടം
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടംകേരളപ്രഭാതം

ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തെങ്കിലും, അവശിഷ്ടങ്ങൾ വീണ് റിയാദിൽ നാല് പേർക്ക് പരിക്കേൽക്കുകയും 15 വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ദഹ്‌റാനിലെ അരാംകോ കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല.

റിയാദ്: ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണ പരമ്പരയിൽ റിയാദും അൽ ഖർജും വിറച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് വിമതർ തൊടുത്തുവിട്ട ക്രൂയിസ് മിസൈലുകളും സ്ഫോടക ഡ്രോണുകളും അറബ് സഖ്യസേന ആകാശത്തുവെച്ച് തകർത്തു.

റിയാദിലേക്ക് വന്ന രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം നാല് പേർക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് അറിയിച്ചു. മിസൈൽ ചീളുകൾ വീണ് 15 പാർപ്പിട വീടുകൾക്കും ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതത് സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ അധികൃതർ ഉടൻ തന്നെ നടപ്പിലാക്കി.

അൽ ഖർജിലേക്കും തെക്കൻ മേഖലകളിലേക്കും ആക്രമണ ശ്രമം

റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിലേക്ക് വന്ന ക്രൂയിസ് മിസൈലും സഖ്യസേന തകർത്തു. റിയാദിനെയും രാജ്യത്തിന്റെ തെക്കൻ മേഖലയെയും ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകളും റിയാദിലേക്ക് തൊടുത്ത നാല് ക്രൂയിസ് മിസൈലുകളും ചൊവ്വാഴ്ച രാത്രി തടഞ്ഞു നശിപ്പിച്ചതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലിക്കി വ്യക്തമാക്കി.

ദഹ്‌റാനിലെ അരാംകോ കെട്ടിടത്തിന് നേരെയും ആക്രമണം

കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാൻ നഗരത്തിലുള്ള സൗദി അരാംകോ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളിലൊന്നിന് നേരെയും ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും, സംഭവത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് സ്ഥിരീകരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)