മത്സരലേലം ഒഴിവാക്കി; കേന്ദ്ര പൊതുമേഖലാ ഡിഫൻസ് സ്ഥാപനമായ ബിഡിഎല്ലിൽ വഴിവിട്ട ഇടപാട്! മുൻ ചെയർമാൻ്റെ ഭാര്യയുടെ കമ്പനിക്ക് ദീർഘകാല കരാർ നൽകാൻ നീക്കം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പൊതുമേഖലാ സ്ഥാപനമായ ബി.ഡി.എല്ലിൽ മുൻ സി.എം.ഡിയുടെ ഭാര്യയുടെ കമ്പനിക്ക് മത്സരലേലം ഒഴിവാക്കി 56.8 കോടിയുടെ കരാർ നൽകാൻ നീക്കം. സ്വന്തമായി നിർമ്മാണ ആസ്തികളില്ലാത്ത 'ഐന്ദ്രി ഡിഫൻസ്' എന്ന സ്വകാര്യ സ്ഥാപനത്തിന് അടിയന്തര സാഹചര്യമെന്ന പേരിൽ അനധികൃതമായി ടെൻഡർ നൽകിയതാണ് വിവാദമായത്.
ഡൽഹി: കേന്ദ്ര പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ (ബി.ഡി.എൽ) കോടികളുടെ വഴിവിട്ട ഇടപാടിന് നീക്കം. മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സി.എം.ഡി) സിദ്ധാർത്ഥ് മിശ്രയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്ക് മത്സരലേലം ഒഴിവാക്കി കോടികളുടെ കരാർ നൽകാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. 'ദി ഇന്ത്യൻ എക്സ്പ്രസ്' ആണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
മിസൈലുകൾക്ക് ആവശ്യമായ 300 ഓപ്റ്റിക്കൽ സൈറ്റുകൾ വാങ്ങുന്നതിനായി 'ഐന്ദ്രി ഡിഫൻസ് അഡ്വൈസറി' എന്ന സ്വകാര്യ സ്ഥാപനത്തിനാണ് സിംഗിൾ ടെൻഡർ നൽകിയത്. അടിയന്തര സാഹചര്യമെന്ന വ്യാജേന മത്സരലേലം പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. കമ്പനി സമർപ്പിച്ച 56.8 കോടി രൂപയുടെ ബിഡ് സാങ്കേതിക മൂല്യനിർണയം പൂർത്തിയാക്കി നിലവിൽ ബി.ഡി.എല്ലിന്റെ അന്തിമ പരിഗണനയിലാണ്.
ടാങ്ക് വേധ മിസൈലുകളിൽ ലക്ഷ്യം കൃത്യമായി കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന നിർണായക ഘടകമാണ് ഓപ്റ്റിക്കൽ സൈറ്റുകൾ. 2024-ലും 2025-ലും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് മാത്രം ലേലത്തിലൂടെ വാങ്ങിയ ഈ ഉപകരണം, ഇത്തവണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഒരു സ്വകാര്യ കമ്പനിക്ക് മാത്രമായി നൽകാൻ തീരുമാനിച്ചത്.
ഹൈദരാബാദിലെ നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (എൻ.എസ്.ഐ.സി) ക്യാമ്പസിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഐന്ദ്രി ഡിഫൻസിന്റെ ഓഫീസ് പൂട്ടിയിട്ട നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനിക്ക് സ്വന്തമായി യാതൊരുവിധ നിർമ്മാണ ആസ്തികളോ ഉപകരണങ്ങളോ ഇല്ലെന്നും കണ്ടെത്തലുണ്ട്.
പിന്നിൽ മുൻ സി.എം.ഡിയും കുടുംബവും
ബി.ഡി.എല്ലിൽ നിന്ന് നാല് വർഷത്തെ സേവനത്തിന് ശേഷം 2023 മാർച്ച് മാസം വിരമിച്ച സിദ്ധാർത്ഥ് മിശ്രയും ഭാര്യ ശാംഭവിയും ചേർന്ന് 2024 മേയിലാണ് ഐന്ദ്രി ഡിഫൻസ് അഡ്വൈസറിക്ക് രൂപം നൽകിയത്. ആരംഭത്തിൽ ഇരുവർക്കും 50 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. പിന്നീട് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സാങ്കേതിക അംഗമായി നിയമിതനായതോടെ സിദ്ധാർത്ഥ് മിശ്ര ഡയറക്ടർ സ്ഥാനമൊഴിഞ്ഞു.
നിലവിൽ കമ്പനിയുടെ 95 ശതമാനം ഓഹരികളും ഭാര്യ ശാംഭവിയുടെ പേരിലും ബാക്കി അഞ്ച് ശതമാനം ഡയറക്ടറായ കൗശികി നന്ദൻ വാത്സ്യായനന്റെ പേരിലുമാണ്. 30 വർഷത്തിലധികം ഇന്ത്യൻ നേവിയിൽ എൻജിനീയറായി സേവനമനുഷ്ഠിച്ച സിദ്ധാർത്ഥ് മിശ്ര, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ (ഇ.സി.ഐ.എൽ) സേവനത്തിന് ശേഷമാണ് 2019-ൽ ബി.ഡി.എൽ സി.എം.ഡിയായി ചുമതലയേൽക്കുന്നത്. സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഐന്ദ്രി ഡിഫൻസ് കമ്പനി അധികൃതർ തയ്യാറായിട്ടില്ല.




