ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു; കപ്പലുകളിലെ ജീവനക്കാരെ കുറിച്ച് വിവരമില്ല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒരു സിംഗപ്പൂർ കപ്പൽ മുങ്ങി, മറ്റൊന്ന് മുങ്ങിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനും എണ്ണവില ഉയർത്താനും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണിതെന്നാണ് സംശയം.
ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം. സിംഗപ്പൂർ പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കണ്ടെയ്നർ കപ്പൽ ആക്രമണത്തിൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പൽ നിലവിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്നർ കപ്പലാണ് മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം ഉണ്ടായെന്നാണ് വിവരം. അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ ആരോഗ്യവിവരങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണിതെന്നാണ് പ്രാഥമിക സംശയം. ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാകണം എന്നതാണ് ഇറാൻ്റെ താത്പര്യം. ഇതിനായി ഹോർമുസിൽ ആക്രമണം കടുപ്പിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റോയിട്ടേഴ്സ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമുസ് കടലിടുക്കിൽ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുത്തനെ ഉയർത്താനായാൽ, അത് വഴി അമേരിക്കയെ കടുത്ത പ്രതിസന്ധിയിലാക്കാനും തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി നൽകാനുമാണ് ഇറാൻ്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.




