കുവൈത്തിൽ കാർ തകർത്ത് 50,000 ദിനാർ കവർന്നു; നാല് വിദേശികൾ അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുവൈത്തിൽ സാൽമിയയിൽ കാർ തകർത്ത് 50,000 ദിനാർ കവർന്ന കേസിൽ നാല് എത്യോപ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങിയ സ്വദേശിയുടെ വാഹനം പിന്തുടർന്നായിരുന്നു സംഘം കവർച്ച നടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ സ്വദേശിയുടെ കാർ തകർത്ത് 50,000 ദിനാറിലധികം കവർന്ന കേസിൽ നാല് എത്യോപ്യൻ പൗരന്മാരെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.
ബാങ്കിൽ നിന്ന് പണവുമായി പുറത്തിറങ്ങിയ സ്വദേശി പൗരനെ പ്രതികൾ രഹസ്യമായി നിരീക്ഷിക്കുകയും കാർ പിന്തുടരുകയുമായിരുന്നുവെന്ന് സി.ഐ.ഡി അധികൃതർ വ്യക്തമാക്കി. തുടർന്ന് കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗുമായി സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യപ്രതിയെ പിടികൂടി. ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ മറ്റ് പ്രതികളും പിടിയിലായി. കവർച്ച ചെയ്യപ്പെട്ട പണവും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.




