കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ദാരുണമായി മരിച്ചു. മംഗലാപുരം - ചെന്നൈ മെയിൽ തട്ടി ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ രാത്രി വൈകി ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്.
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ദാരുണമായി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5:45 ഓടെ ചേമഞ്ചേരി സ്റ്റേഷന് സമീപമായിരുന്നു സംഭവം.
മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ദുരന്തം സംഭവിച്ചത്.
അപകടത്തിൽ രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതിനാൽ പ്രാഥമികമായി ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാർത്ഥിബ്.




