കണ്ണൂരിൽ യുവതിയുടെ മരണം; വിശദ അന്വേഷണം തുടങ്ങി പൊലീസ്, 40 ലക്ഷം നഷ്ടമായതിൽ അന്വേഷണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മാതമംഗലത്ത് 32 കാരി മേഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അയച്ച 40 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പണം ചെലവായിപ്പോയതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ: മാതമംഗലത്ത് 32 കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എരമം സ്വദേശി മേഘ (32) എലിവിഷം കഴിച്ച് മരിച്ചതിന് പിന്നിൽ വലിയ തുക നഷ്ടപ്പെട്ടതിലുള്ള മനോവിഷമമെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി അയച്ചുനൽകിയതും പഴയ സമ്പാദ്യവും ഉൾപ്പെടെയുള്ള 40 ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് ബിനീഷ്, വീട് വാങ്ങുന്നതിനായി കൈവശമുള്ള പണം എടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തുക കൈവശമില്ലെന്നും ചെലവായിപ്പോയെന്നും മേഘ അറിയിച്ചത്. പണം എങ്ങനെയൊക്കെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ മേഘയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് കടുത്ത മാനസിക സംഘർഷത്തിലായ മേഘ ഈ മാസം എട്ടാം തീയതി എലിവിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
മരണത്തിന് ഇടയാക്കിയ സാഹചര്യം വ്യക്തമാകുന്നതിനായി മേഘയുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പണം എവിടെയാണ് നഷ്ടപ്പെട്ടതെന്നോ ആർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന കോണിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




