നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല, പൊലീസ് തെളിവെടുപ്പ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ക്രമസമാധാന പ്രശ്നം മുൻനിർത്തി അപകടസ്ഥലത്ത് പ്രതിയെ വാഹനത്തിൽ നിന്ന് ഇറക്കാതെയായിരുന്നു നടപടി.
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം നടന്ന എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ബാറുകളിലുമാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. ആദ്യം മൂന്ന് ജീവനുകൾ കവർന്ന എയർപോർട്ട് റോഡിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. എന്നാൽ, ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാമെന്ന് കണ്ട് അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ പൊലീസ് തയാറായില്ല. വാഹനത്തിലിരുന്നുകൊണ്ട് തന്നെ അപകടമുണ്ടായ സ്ഥലവും പിന്നീട് വാഹനം നിർത്തിയ ഇടവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്തു.
തുടർന്ന് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. അപകടത്തിന് മുമ്പ് പ്രതികൾ അവസാനമായി മദ്യപിച്ചത് ഈ ബാറിലായിരുന്നു. ഇവിടെ തെളിവെടുപ്പ് ഏറെനേരം നീണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.
പ്രായപൂർത്തിയാകാത്ത സുഹൈലിനും സുഹൃത്തുക്കൾക്കും മദ്യം വിളമ്പിയതുമായി ബന്ധപ്പെട്ട് ഈ ബാറുകളുടെ ലൈസൻസ് ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിലുള്ളത്. അതിനുമുമ്പ് പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ.




