'അങ്ങനെ പറയരുതായിരുന്നു‘ സിജെപി ആർഎസ്എസ് പദ്ധതിയെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സരിൻ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കോക്ക്റോച്ച് ജനതാ പാർട്ടി ആർ.എസ്.എസിന്റെ മറ്റൊരു പദ്ധതിയാണെന്ന പരാമർശം വാക്ക് പിഴവാണെന്ന് സി.പി.എം നേതാവ് പി. സരിൻ. തന്റെ പ്രസ്താവന പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയ നിലപാടുകളോടും നീതിപുലർത്തുന്നതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നിർവ്യാജമായ ഖേദം പ്രകടിപ്പിച്ചു.
ഡൽഹിയിലെ സമരമുഖത്ത് വെച്ച് ചാനലുകളോട് പ്രതികരിക്കുമ്പോഴാണ് സരിനിൽ നിന്ന് ഈ പരാമർശമുണ്ടായത്. സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിൽ സി.ജെ.പിയും പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പറയുക മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. "സി.ജെ.പി ആർ.എസ്.എസിന്റെ പദ്ധതിയാണ് എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കിക്കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്"- സരിൻ ഫേസ്ബുക്കിൽ കുറിച്ചു.
അച്ചടക്കമുള്ള ഒരു പാർട്ടി അംഗം എന്ന നിലയിൽ തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണിതെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന യുവജന പ്രസ്ഥാനത്തെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിലെ അനൗചിത്യം തിരിച്ചറിയുന്നതായും സരിൻ കൂട്ടിച്ചേർത്തു. തെറ്റുകൾ ചൂണ്ടിക്കാട്ടിയ സഖാക്കൾക്ക് നന്ദി അറിയിച്ച അദ്ദേഹം, രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ നേർന്നാണ് കുറിപ്പ് അവസാനിപ്പിച്ചത്.




