സ്ത്രീ പിടിയിലായത് ബാഗിൽ 2 ലക്ഷം രൂപയുമായി പോകുമ്പോൾ; കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ആഭരണം മോഷ്ടിച്ച പ്രതി പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 45-കാരി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി പോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയുടെ സ്വർണാഭരങ്ങൾ കവർന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പിടിയിലായത്. മോഷ്ടിച്ച സ്വർണം വിറ്റ് 2 ലക്ഷം രൂപയുമായി പോകുന്നതിനിടെയാണ് ചവറ പൊലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച പകൽ 11 മണിയോടെ കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് സംഭവം. കുട്ടിയെ വീടിനകത്തിരുത്തി അമ്മ ശ്യാമ പുറത്ത് തുണി അലക്കുന്നതിനിടയിലാണ് മോഷണം നടന്നത്.
തുറന്നുകിടന്ന അടുക്കള വാതിൽ വഴി അകത്തുകടന്ന ഹസീന, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും 9 ഗ്രാം തൂക്കം വരുന്ന മാലയും ഊരിയെടുക്കുകയായിരുന്നു. അടുക്കള വാതിൽവഴി അകത്തുകടന്ന പ്രതി മുൻവശത്തെ വാതിൽ വഴിയാണ് പുറത്തിറങ്ങി രക്ഷപ്പെട്ടത്.
അലക്കിക്കഴിഞ്ഞ് തിരികെ വീടിനുള്ളിലെത്തിയ അമ്മ കുഞ്ഞിന്റെ ആഭരണങ്ങൾ കാണാത്തതിനെ തുടർന്ന് ആശങ്കപ്പെടുകയും ഉടൻ തന്നെ വീട്ടുകാർ ചവറ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും വഴിയാത്രക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ് 2 ലക്ഷം രൂപയുമായി പോകുന്നതിനിടയിലാണ് ഹസീന പിടിയിലായത്. സതീഷിന്റെ വീട്ടുകാരുമായി നേരത്തെ പരിചയമുണ്ടായിരുന്ന പ്രതി, മുൻപും സ്വർണം പണയം വയ്ക്കാൻ വാങ്ങുകയും പിന്നീട് പലതവണ നിർബന്ധിച്ച ശേഷമാണ് മടക്കി നൽകിയിരുന്നതെന്നും പൊലീസിനോട് വ്യക്തമാക്കി.




