ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസിൽ അടുത്തമാസം കുറ്റപത്രം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ 292 സാക്ഷികളുടെ മൊഴികളടങ്ങിയ കരട് കുറ്റപത്രം എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ചു; അന്തിമ കുറ്റപത്രം ഈ മാസം 25-നും ദ്വാരപാലക കേസിൽ അടുത്ത മാസവും നൽകും.
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചു. 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയുള്ളതാണ് കരട് കുറ്റപത്രം. കേസിലെ അന്തിമ കുറ്റപത്രം ഈ മാസം 25-ഓടെ സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ഒരു ഫോറൻസിക് പരിശോധനാഫലം കൂടി ലഭിക്കേണ്ടതുണ്ട്. തിങ്കളാഴ്ചയോടെ ഈ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമായിരിക്കും അന്തിമ കുറ്റപത്രം നൽകുക. അന്വേഷണസംഘത്തിന്റെ സാവകാശ ഹരജി ഹൈക്കോടതി അംഗീകരിച്ചു.
അഴിമതി തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വിചാരണയ്ക്ക് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്നും എസ്.ഐ.ടി കോടതിയെ ബോധിപ്പിച്ചു. അതേസമയം, ശബരിമല ദ്വാരപാലക സ്വർണ്ണക്കൊള്ള കേസിന്റെ അന്തിമ റിപ്പോർട്ട് അടുത്തമാസം 25-ഓടെ സമർപ്പിക്കാൻ സാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സമയം ദീർഘിപ്പിച്ചു നൽകിയ കോടതി, നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു.




