കിട്ടിയത് സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ ചെറിയൊരു എംബ്ലം മാത്രം; വിടാതെ പിടിച്ച് കൊച്ചി പൊലീസ്; സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാൾ പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സിസിടിവി ദൃശ്യങ്ങളിലെ തുണിക്കടയുടെ ചെറിയൊരു എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിച്ചെടുത്ത് കൊച്ചി പൊലീസ് പ്രതിയെ പിടികൂടി. ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ കണ്ണൂർ സ്വദേശി മിറോഷ് സി.ടിയാണ് അറസ്റ്റിലായത്.
കൊച്ചി: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ കണ്ണൂർ സ്വദേശിയായ വസ്ത്രവ്യാപാരിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി (41) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറുഎംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിച്ചെടുത്തതാണ് പ്രതിയിലേക്കെത്താൻ പൊലീസിന് വഴിത്തിരിവായത്.
കഴിഞ്ഞ സെപ്റ്റംബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തുനിന്ന് സ്കൂൾ കഴിഞ്ഞ് എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാൻ ബസ്സിൽ കയറിയ പെൺകുട്ടിക്കുനേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ പുറകിൽ നിന്ന പ്രതി ശല്യം തുടർന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ഉപദ്രവം തുടർന്നതോടെ, ഒപ്പമുണ്ടായിരുന്ന സഹപാഠിയുടെ സഹായത്തോടെ വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകി.
സംഭവം നടന്നത് എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് കൈമാറി. തുടർന്ന് ബസ് സ്റ്റോപ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എളമക്കര പുതിയ റോഡ് ഭാഗത്ത് പ്രതി ഇറങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പുതിയ റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയിൽ പ്രതി ഒരു കവറുമായി നിൽക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രം കാണപ്പെട്ടിരുന്ന കടയുടെ എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വലുതാക്കി വ്യക്തമാക്കിയാണ് ഏത് സ്ഥാപനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് ഈ വസ്ത്ര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിച്ച് പ്രതി കൗണ്ടറിൽ ബില്ലടയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്വന്തമായി ലേഡീസ് സ്റ്റിച്ചിങ് യൂണിറ്റ് നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.
എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കെ.ഒ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒ മാരായ വിബിൻ, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.




