ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാകരുത്, പരിചരണം വേണ്ടവരെ കണ്ടെത്തും; വയോജന ബില് അവതരിപ്പിച്ച് മുഖ്യമന്ത്രി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുതിർന്ന പൗരന്മാരെ വീടുകളിൽനിന്ന് ഇറക്കിവിടുന്നതും മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നതും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനത്തെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് സർക്കാറിന്റെ പക്കലുണ്ടെന്നും ഇതിലൂടെ പ്രത്യേക പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
ശക്തമായ ശിക്ഷാ നടപടികൾ: മുതിർന്ന പൗരന്മാരെ വീട്ടിൽനിന്ന് ഇറക്കിവിടുക, ശാരീരിക-മാനസിക ഉപദ്രവങ്ങൾ ഏൽപ്പിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക, സ്വത്തോ വസ്തുവകകളോ തട്ടിയെടുക്കാൻ ശ്രമിക്കുക എന്നിവയ്ക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
കെയർഗീവർ കോഴ്സ്: വയോജനങ്ങൾക്ക് പ്രൊഫഷണൽ പരിചരണം നൽകുന്നതിനായി പ്രത്യേക കെയർഗീവേഴ്സ് കോഴ്സുകൾ ആരംഭിക്കും.
പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന: മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
വയോജന ഹെൽപ്ലൈൻ: 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്ലൈൻ സംവിധാനവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗഹൃദ ഡെസ്കുകളും ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനം: പൊതു കെട്ടിടങ്ങൾ വയോജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ നിർമിക്കും. ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങളും ലളിതമായ ഇന്റർഫേസുകളും ഉറപ്പാക്കും.
സാമൂഹിക സുരക്ഷ: വയോജന അയൽപക്ക സൗഹൃദ ശൃംഖല, പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കൽ, ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യ പരിരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയും ബില്ലിലൂടെ ഉറപ്പുനൽകുന്നു.
സ്വന്തം വീടുകളിൽ തങ്ങി പരിചരണം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും വയോജനങ്ങൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കപ്പെട്ടു.




