നമ്പർ പ്ലേറ്റില്ല, സംശയം തോന്നി സ്കൂട്ടർ പരിശോധിച്ച പന്തീരാങ്കാവ് എസ്ഐയെ തെറിവിളിച്ചു, യൂണിഫോമിൽ പിടിച്ച് വലിച്ചു; യുവാവ് അറസ്റ്റില്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ പരിശോധിക്കാൻ ശ്രമിച്ച പന്തീരാങ്കാവ് എസ്ഐയെ അസഭ്യം പറയുകയും യൂണിഫോമിൽ പിടിച്ച് വലിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഫറൂഖ് കോളേജ് സ്വദേശി മുഹമ്മദ് അനസാണ് (24) അറസ്റ്റിലായത്.
കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ പരിശോധിക്കാൻ ശ്രമിച്ച പന്തീരാങ്കാവ് എസ്ഐയെ അസഭ്യം പറയുകയും യൂണിഫോമിൽ പിടിച്ച് വലിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഫറൂഖ് കോളേജിന് സമീപം പള്ളിമീത്തൽ അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് (24) പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പന്തീരാങ്കാവ് കിങ് ബാറിന് സമീപം വെച്ചായിരുന്നു സംഭവം. 'തൂഫാൻ ഡ്രൈവി'ന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ വിനോദും സംഘവും ഈ ഭാഗത്തെത്തിയപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അനസ്. വാഹനത്തിന്റെ രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ, "എന്റെ കൂട്ടുകാരന്റെ വണ്ടിയാണ്, വേണമെങ്കിൽ അവനോട് ചോദിച്ചോ" എന്നായിരുന്നു യുവാവിന്റെ മറുപടി.
തുടർന്ന് വാഹനം പരിശോധിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അനസ് അശ്ലീല ഭാഷയിൽ അസഭ്യം പറയുകയും യൂണിഫോമിൽ പിടിച്ച് വലിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസുകാർ ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




