'കിഫ്ബിയുടെ 30000 കോടി വി ഡി സതീശൻ ലക്ഷ്യമിടുന്നു'; കിഫ്ബി നിർത്തലാക്കുന്നത് ആഘാതമെന്ന് തോമസ് ഐസക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന്റെ വികസനത്തിന് കനത്ത ആഘാതമാകുമെന്ന് മുൻ മന്ത്രി തോമസ് ഐസക് വ്യക്തമാക്കി; കിഫ്ബിയിലെ 30,000 കോടി രൂപയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: കിഫ്ബി (KIIFB) നിർത്തലാക്കാനുള്ള നീക്കം കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ബജറ്റിലെ തുകകൊണ്ട് മാത്രം സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്നും, കിഫ്ബിയുടെ വരവോടെയാണ് കേരളത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ പക്കലുള്ള 30,000 കോടി രൂപയുടെ നിക്ഷേപവും പണവുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലക്ഷ്യമിടുന്നത്. വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതികൾ മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചതെന്നും, ഇതിനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
പ്രതിസന്ധിയിലായി സംസ്ഥാനത്തിൻ്റെ പ്രോജക്റ്റുകൾ
കിഫ്ബി നിർത്തലാക്കിയാൽ സംസ്ഥാന സർക്കാരിൻ്റെ പ്രധാന പ്രോജക്റ്റുകൾ വലിയ പ്രതിസന്ധിയിലാകും. നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിപോലും ഇനി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധ സമിതി റിപ്പോർട്ടും വിവാദങ്ങളും
കിഫ്ബിയിൽ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ചിരുന്നു. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നും സർക്കാരിന് ഇത് വലിയ ബാധ്യതയാണെന്നുമാണ് സമിതിയുടെ പ്രധാന കണ്ടെത്തൽ.
കൂടാതെ, കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കണ്ണൂരിൽ വിപണി വിലയുടെ അഞ്ചിരട്ടി നൽകി 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് ഏറ്റെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. തുടർന്നുള്ള കടമെടുപ്പുകൾ അവസാനിപ്പിക്കണമെന്നും നിലവിലുള്ള പദ്ധതികൾ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.




