സംസ്ഥാനത്ത് പരക്കെ മഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്ത് പരക്കെ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിലും വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും വ്യാപക മഴയാണ് അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടു കൂടിയ മഴ മുന്നറിയിപ്പാണുള്ളത്.
മലയോര മേഖലകളിലും തീരദേശത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് തിരുവനന്തപുരത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഉയർത്തി. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ അധികവുമാണ് ഉയർത്തിയത്. നദീതീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വ്യാപക നാശനഷ്ടം
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു:
എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഓണ നിലാവ് പരിപാടിയുടെ താൽക്കാലിക പന്തൽ ശക്തമായ കാറ്റിൽ തകർന്നു വീണു. ആളപായമില്ല. ആലുവയിൽ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കൊല്ലം: നിലമേലിൽ എം.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
പത്തനംതിട്ട: മലയാലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു.
കണ്ണൂർ: പറശ്ശിനിക്കടവിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചുമരുകളിൽ വിള്ളൽ വീഴുകയും ഗൃഹോപകരണങ്ങളും വയറിങും കത്തിനശിക്കുകയും ചെയ്തു.




