നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ സുഹൃത്തുക്കളും റിമാൻഡിൽ, സുഹൈലിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ രണ്ട് സുഹൃത്തുക്കൾ കൂടി അറസ്റ്റിലായി. പ്രേരണാക്കുറ്റം ചുമത്തിയ അമീറിനെയും ജോയലിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ രണ്ട് സുഹൃത്തുക്കൾ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികൾക്കും ഒപ്പമുണ്ടായിരുന്ന നിനവിനും മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ട്. അതേസമയം, റിമാൻഡിലായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ നടപടിക്കെതിരെ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം രംഗത്തെത്തി. കോടതി റിമാൻഡ് ചെയ്ത അമീറിനെയും ജോയലിനെയും 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുഖ്യപ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.




