പൊലീസ് എത്തിയതറിഞ്ഞ് ടെറസിൽ നിന്ന് ചാടി, രണ്ടു കാലുകൾക്കും ഗുരുതര പരിക്ക്; എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എംഡിഎംഎ കേസിലെ മുഖ്യപ്രതി ജിബിൻ പി ചാക്കോ തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പൊലീസ് പിടിയിലായി. പൊലീസിനെ കണ്ട് ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരു കാലുകൾക്കും ഗുരുതര പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: നഗരത്തിൽ വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം പാറ്റിയാൽ വീട്ടിൽ ജിബിൻ പി ചാക്കോ (35) ആണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയവെ പിടിയിലായത്.
പൊലീസ് എത്തിയത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് ചാടിയ പ്രതിയുടെ ഇരു കാലുകൾക്കും ഗുരുതര പരുക്കേറ്റു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രതി പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ചികിത്സയിലാണ്.
കോട്ടയം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 14-ഓളം കേസുകൾ നിലവിലുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് പ്രതി പിടിയിലാകുന്നതെന്നും പൊലീസ് വ്യക്തമാക്കി. മുൻപ് അറസ്റ്റിലായ പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന പ്രധാന കണ്ണിയാണ് ജിബിനെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം കോവളം കാരോട് ബൈപ്പാസിന് സമീപം പയറുംമൂട് വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാമോളം എംഡിഎംഎ സിറ്റി ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിൽ ആനയറ സ്വദേശി വിജയകുമാർ, പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇപ്പോൾ മുഖ്യപ്രതിയായ ജിബിനിലേക്ക് എത്തിച്ചേർന്നത്.




