കേരളത്തിൽ തുലാവർഷമെത്തി: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലിൽ ജാഗ്രത വേണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ, ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുളളതിനാൽ മലയോര മേഖലകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് (യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ)
ഒക്ടോബർ 15: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്
ഒക്ടോബർ 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്
ഒക്ടോബർ 17: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
ഒക്ടോബർ 18: കോഴിക്കോട്, വയനാട്, കണ്ണൂർ
ഒക്ടോബർ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസര്കോട്
ശക്തമായ മഴ (യേല്ലോ അലർട്ട്): 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.




