സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 11 ലക്ഷം രൂപയ്ക്ക് പകരമായി കിട്ടിയത് വൻ തുക കമ്മീഷൻ; സൈബർ തട്ടിപ്പ് സംഘത്തെ സഹായിച്ച കേസിൽ അറസ്റ്റ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി വൻ കമ്മീഷൻ കൈപ്പറ്റിയ കേസിൽ മുള്ളൂർക്കര സ്വദേശി ഷജീറിനെ (40) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അക്കൗണ്ട് വഴി എട്ട് ലക്ഷം രൂപയുടെ തട്ടിപ്പുപണ ഇടപാടുകളാണ് നടന്നത്.
വടക്കാഞ്ചേരി: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് പണമിടപാടിനായി സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി സഹായിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുള്ളൂർക്കര വാഴക്കോട് വടഗിരി വീട്ടിൽ ഷജീർ (40) ആണ് വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടന്ന 'സൈബർ ഹണ്ട്' റെയ്ഡിന്റെ ഭാഗമായാണ് നടപടി. ഷജീറിന്റെ അക്കൗണ്ട് വഴി 8 ലക്ഷം രൂപയുടെ തട്ടിപ്പുപണ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി.
പെരിന്തൽമണ്ണ സ്വദേശിയായ റിയാൻ എന്നയാൾക്കാണ് ഷജീർ ആലപ്പുഴ എസ്.ബി.ഐ ബ്രാഞ്ചിലെ തന്റെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാൻ തട്ടിപ്പുസംഘങ്ങൾ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുകയും, അക്കൗണ്ട് നൽകുന്നവർക്ക് വൻ തുക കമ്മീഷനായി നൽകുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ രീതി.
കഴിഞ്ഞ മാസം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഷജീർ ഒളിവിലാവുകയായിരുന്നു. തുടർന്ന് പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് വാഴക്കോട് ഭാഗത്തുനിന്ന് വടക്കാഞ്ചേരി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വടക്കാഞ്ചേരി എസ്.എച്ച്.ഒ അനൂപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ സഗുൺ, സി.പി.ഒമാരായ പുരന്ദരൻ, പൗലോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




