ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; കൊച്ചി എയര്പോര്ട്ട് ജീവനക്കാരന് ദാരുണാന്ത്യം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പെരുമ്പിലാവില് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കൊച്ചി എയർപോർട്ട് ജീവനക്കാരനായ കുറ്റിപ്പുറം സ്വദേശി സി.വി. ജിതിൻ (22) ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി കടവല്ലൂരിൽ വെച്ചായിരുന്നു അപകടം.
തൃശൂർ: പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാനപാതയില് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കൊച്ചി എയര്പോര്ട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. കുറ്റിപ്പുറം പഴവൂര് ചക്കുവളപ്പില് സുധീറിന്റെ മകൻ സി.വി. ജിതിൻ (22) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7:20ഓടെ കടവല്ലൂര് അമ്പലം സ്റ്റോപ്പിന് സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും, മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ജിതിന്റെ ബുള്ളറ്റ് ബൈക്കും മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജിതിൻ സംഭവസ്ഥലത്തുതന്നെ അന്ത്യശ്വാസം വലിച്ചു.
അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസും ബൈക്കും പൂർണ്ണമായി തകർന്നു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചി എയർപോർട്ടിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ജിതിനെ മരണം തട്ടിയെടുത്തത്. മാതാവ്: നിഷ. സഹോദരങ്ങൾ: അഭിനവ്, അഭിനന്ദ്. മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




