പിണറായിക്കും റിയാസിനുമെതിരായ ഇഡി കേസ്: സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; 'കോടതി ഉത്തരവ് പ്രകാരം ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകി.
തിരുവനന്തപുരം: ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യക്തമായ നിയമോപദേശവും സുപ്രീംകോടതി വിധിന്യായങ്ങളും പരിശോധിച്ചാണ് മുന്നോട്ടുപോയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഉന്നത നേതാക്കൾ ഉൾപ്പെട്ട വിഷയമായതിനാലാണ് നടപടികളിൽ വ്യക്തത വരുത്തി മുന്നോട്ടുപോയതെന്നും വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാതെ നിയമപരമായ വഴി മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവ്
മാസപ്പടി കേസിൽ ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) കോടതി റദ്ദാക്കി.
അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും നേരിട്ട് കേസെടുക്കുന്നതിന് പകരം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ നിയോഗിച്ച നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇ ഡി സമർപ്പിച്ച രേഖകളിലും വിവരങ്ങളിലും കേസെടുക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുദ്രവെച്ച കവറിൽ ഇഡി നൽകിയ കണ്ടെത്തലുകൾ നിർണായകമാണെന്നും വ്യക്തമാക്കി.
ഇ ഡി ഡി.ജി.പിക്ക് കൈമാറിയ രേഖകളും എസ്.ഐ.ടിയുടെ പക്കലുള്ള വിവരങ്ങളും ഉടൻ വിജിലൻസിന് കൈമാറാനും കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.




