കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി 'ദി കോമ്രേഡ്'; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം " ദി കോമ്രേഡ് " ന്റെ ടൈറ്റിൽ പോസ്റ്റർ റീലിസ് ചെയ്തു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസാണ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ദി കോമ്രേഡ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പിഎം തോമസ് കുട്ടിയാണ്. നാളിതുവരെ മലയാളത്തിൽ ഇറങ്ങിയ പൊളിറ്റിക്കൽ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള ജോണറിൽ ഒരുങ്ങുന്ന ചിത്രം ദി കോമ്രേഡ് കഴിഞ്ഞ എൺപതു വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നതെന്നു സംവിധായകൻ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.




