2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി; പുത്തൻ നോൺ എസി കോച്ചുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 04:10 AM
പങ്കുവെക്കുക:
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി; പുത്തൻ നോൺ എസി കോച്ചുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി; പുത്തൻ നോൺ എസി കോച്ചുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേകേരളപ്രഭാതം

കേരളത്തിലെ ജനശതാബ്ദി ട്രെയിനുകളിലെ നോൺ എസി കോച്ചുകളിൽ യാത്രക്കാരുടെ പരാതി പരിഹരിച്ച് പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തുന്നു. പുതിയ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പുറത്തുവിട്ടു, വൈകാതെ ഇവ സർവീസ് ആരംഭിക്കും.

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ജനശതാബ്ദി എക്സ്പ്രസുകളിലെ നോൺ എസി ചെയർകാർ കോച്ചുകളിൽ യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമായ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തുന്നു. പുതിയ നോൺ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടത്.

തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ വൈകാതെ തന്നെ ഈ പുത്തൻ കോച്ചുകളുമായി സർവീസ് നടത്തും.

ജനശതാബ്ദി ട്രെയിനുകൾ പഴയ ഐസിഎഫ് കോച്ചുകളിൽ നിന്ന് സുരക്ഷിതമായ എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറ്റിയതോടെയാണ് നോൺ എസി വിഭാഗത്തിലെ സീറ്റുകളുടെ ഘടന മാറിയത്. ഐസിഎഫ് കോച്ചുകളിൽ പുഷ്ബാക്ക് സൗകര്യമുണ്ടായിരുന്നെങ്കിൽ, എൽ.എച്ച്.ബിയായതോടെ ഇത് മെമു ട്രെയിനുകളിലെ സീറ്റുകൾക്ക് സമാനമായ 90 ഡിഗ്രി സട്രെയിറ്റ് സീറ്റുകളായി മാറി. എസി കോച്ചുകളിൽ മാത്രമായിരുന്നു പുഷ്ബാക്ക് സീറ്റുകൾ ലഭ്യമായിരുന്നത്.

ദൂരയാത്രകൾക്ക് അനുയോജ്യമല്ലാത്ത 90 ഡിഗ്രി സീറ്റുകൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, മൂന്ന് പേർക്ക് സൗകര്യപ്രദമായി ഇരിക്കാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരിൽ നിന്ന് വലിയ രീതിയിലുള്ള പരാതികളാണ് ഉയർന്നിരുന്നത്. പരാതികൾ പരിഗണിച്ച് അടുത്ത അപ്‌ഗ്രേഡിൽ മാറ്റം വരുത്തുമെന്ന് ഉറപ്പുനൽകിയ റെയിൽവേ, അതിന് പിന്നാലെയാണിപ്പോൾ പുഷ്ബാക്ക് സീറ്റുകളടങ്ങിയ പുതിയ നോൺ എസി കോച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)