കേരളത്തിലെ ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ്; നയരേഖ പുറത്തിറക്കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളുടെ ശോഷണം ശാസ്ത്രീയമായി വിലയിരുത്തുന്നതിന് ജൈവവൈവിധ്യ ബോർഡ് തയ്യാറാക്കിയ പദ്ധതിരേഖ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പുറത്തിറക്കി. ഐ.യു.സി.എൻ (IUCN) മാനദണ്ഡങ്ങളും ആധുനിക ഉപഗ്രഹ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള ഈ പഠനം നടപ്പിലാക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലവിലെ സ്ഥിതിയും ശോഷണവും ശാസ്ത്രീയമായി വിലയിരുത്തുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തയ്യാറാക്കിയ പദ്ധതിരേഖാ സമാഹാരം പുറത്തിറക്കി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫാണ് പ്രകാശനം നിർവഹിച്ചത്. 'ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസവ്യവസ്ഥകളുടെ ആഗോള ആവാസവ്യവസ്ഥാ വർഗീകരണവും' എന്ന വിഷയത്തിലാണ് പഠനം നടക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന്റെ (IUCN) ആവാസവ്യവസ്ഥ റെഡ് ലിസ്റ്റ് വിലയിരുത്തൽ പതിപ്പ് 2.0 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതല പഠനം ക്രമീകരിച്ചിരിക്കുന്നത്.
പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങൾ, നദീതടങ്ങൾ, തീരദേശ മേഖലകൾ, തണ്ണീർത്തടങ്ങൾ തുടങ്ങി സംസ്ഥാനത്തെ വിവിധ ആവാസവ്യവസ്ഥകളുടെ നിലവിലെ സ്ഥിതിയാണ് പഠനവിധേയമാക്കുന്നത്. ഗൂഗിൾ എർത്ത് എൻജിൻ, സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ആർ (R) അധിഷ്ഠിത സ്ഥിതിവിവര വിശകലനം, ക്യുജി.ഐ.എസ് (QGIS) ഭൂപട സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് വിലയിരുത്തൽ പൂർത്തിയാക്കുന്നത്.




