'കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ല' മാസപ്പടി കേസിൽ പിണറായിയെ അനുകൂലിച്ച് യുഡിഎഫ് സര്ക്കാര്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഹർജിയിലെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയിൽ. കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില് പറഞ്ഞു. എന്നാല് പ്രതികളുടെ ഹർജിയെ ഇ ഡി എതിർത്തു.
പിണറായിക്കെതിരെ എഫ്ഐആർ ഇട്ടതിൽ പ്രശ്നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര് ഇടാമല്ലോ എന്നായിരുന്നു കോടതി ചോദിച്ചത്. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇ ഡി നല്കിയ തെളിവുകള് കേസെടുക്കാന് പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.




