ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. പുതിയ റാങ്ക് പട്ടികയിലെ ഒന്നാം റാങ്ക് ജേതാവ് ശ്യാം കൃഷ്ണന് അഡ്വൈസ് മെമ്മോ നൽകാനും, നേരത്തെ നിയമനം ലഭിച്ച അരുൺ ജെ. പ്രതാപിനെ പുറത്താക്കാൻ നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) യോഗതീരുമാനം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് എതിരായാൽ അപ്പീൽ പോകാനും യോഗം തീരുമാനിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളോട് സഹകരിക്കില്ലെന്നാണ് നിലപാട്.
അന്വേഷണം പൂർത്തിയാകും മുൻപ് പി.എസ്.സി എന്തിനാണ് എതിർക്കുന്നതെന്നും നടന്നത് ഗുരുതരമായ ക്രമക്കേടല്ലേ എന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് കമ്മീഷൻ എത്തിയിരിക്കുന്നത്.
അതേസമയം, 58 മാർക്കിന്റെ ചോദ്യങ്ങൾ പുനർമൂല്യനിർണയം നടത്തിയ ശേഷമുള്ള പുതിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശ്യാമിന് ഉടൻ അഡ്വൈസ് മെമ്മോ നൽകും. നേരത്തെ ഒന്നാം റാങ്ക് നേടി നിയമനം നേടിയ അരുൺ ജെ. പ്രതാപിനെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നോട്ടീസും നൽകും.




