കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ചു; പ്രതികൾ പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചെങ്ങമനാടുള്ള മലഞ്ചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി.
കൊച്ചി: ചെങ്ങമനാട് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി മറ്റൂർ അയ്യൻകര വീട്ടിൽ മനോജ് കുമാർ (23), അങ്കമാലി പാലിയേക്കര വീട്ടിൽ മിഥുൻ (37) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്.
16-ന് രാത്രി 11-ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ ചെങ്ങമനാടുള്ള മലഞ്ചരക്ക് കടയുടെ ഷട്ടർ കുത്തിത്തുറന്ന് അകത്തുകയറി ജാതിക്ക, ജാതിപത്രി, ജാതിപരിപ്പ്, അടയ്ക്ക തുടങ്ങിയവ കവരുകയായിരുന്നു.
ഒന്നാം പ്രതി മനോജ് കുമാറിന് കാലടി, അങ്കമാലി, കോതമംഗലം, കുറുപ്പംപടി, ഏലൂർ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട്. രണ്ടാം പ്രതി മിഥുൻ ഉടുമ്പൻചോല എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും ആലുവ സ്റ്റേഷനിലെ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ അങ്കമാലി സി.ഐ കെ.ആർ. രൂപേഷ്, ചെങ്ങമനാട് എസ്.എച്ച്.ഒ പി.എം. റഷീദ്, എസ്.ഐ അജീഷ്, എ.എസ്.ഐമാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ്, സി.പി.ഒമാരായ കിഷോർ, രഞ്ജിത്ത്, മൃദുൽ കുമാർ, യശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




